നോര്‍ത്ത് കരോലിന: കാര്‍ അപകടങ്ങളില്‍ രണ്ടു മക്കളെ നഷ്ടമായ മാതാവ് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ട്രീന പീഡ് (46) ആണ് ദാരുണമായി മരിച്ചത്. ജൂലൈ എട്ടിനായിരുന്നു സംഭവം. വീടിനു പിന്നിലുള്ള ഡോഗ് സിറ്റിങ്ങില്‍ നിന്നും പുറത്തിറക്കിയ പിറ്റ് ബുള്‍ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളാണ് ട്രീനയെ കൂട്ടമായി ആക്രമിച്ചത്.
പുലര്‍ച്ചെ രണ്ടു മണിക്ക് ഇവരുടെ നിലവിളികേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഈ സമയം രണ്ട് പിറ്റ് ബുള്ളുകള്‍ ട്രീനയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവന്‍ കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു. കൗണ്ടി ആനിമല്‍ കണ്ട്രോള് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നായ്ക്കളുടെ ആക്രമണം അവസാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വെടിയുതിര്‍ക്കുകയും ഒരെണ്ണം മരിക്കുകയും രണ്ടാമത്തെ പിറ്റ് ബുള്ളിനെ ആനിമല്‍ കണ്ട്രോള് വിഭാഗം പിടികൂടി ഷെല്റ്ററില് അടയ്ക്കുകയും ചെയ്തു. നായ്ക്കളുടെ ഉടമസ്ഥര്‍ ആരെന്ന് വ്യക്തമല്ല.
ട്രീനയുടെ 14 വയസ്സുള്ള ഒരു മകന് 2017ല്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ കാറിടിച്ച് മരിക്കുകയായിരുന്നു. 24 വയസ്സുള്ള മറ്റൊരു മകന് ട്രെയ്ലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും മരിച്ചിരുന്നു. ഈ മരണങ്ങളുടെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പാണ് നായ്ക്കളുടെ ആക്രമണത്തില്‍ ട്രീന ക്രൂരമായി കൊല്ലപ്പെട്ടത്. സംസ്ക്കാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഇവരുടെ സുഹൃത്തുക്കള്‍ ഗോഫണ്ട് പേജ് തുടങ്ങിയിട്ടുണ്ട്.