കൊച്ചി: മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ എന്നൊക്കെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തിന് അറിയുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിലേക്ക് വരുന്ന അതിഥിയെക്കുറിച്ച് ഒരു ധാരണ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതി ഇപ്പോഴും ഏത് സംസ്ഥാനക്കാരനാണെന്ന് പോലീസിന് ഉറപ്പില്ല. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 159 കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാണെന്ന് പറയുന്നു. ഈ അതിഥി ആരാണെന്ന് അറിയാൻ പോലീസിന് സംവിധാനമുണ്ടോ? ആലുവയിലെ തൊഴിലാളി ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടോ? ഇതൊന്നും ചെയ്യാതെ മാപ്പ് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കേരള പോലീസിന്റെ പണി ഫെയ്സ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല. അതിന് വേണ്ടിയല്ല നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് കണ്ടെത്തണം. പെൺകുട്ടി കൊല്ലപ്പെട്ടതിന് ശേഷം പ്രതിയെ പിടിച്ചെന്ന് കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ അവർ പറയില്ല’, വി. മുരളീധരൻ പറഞ്ഞു.