ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗ പരിശോധന നടത്തുന്നതിന് ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമല്ലെന്ന ഹൈക്കോടതി വിധിക്കു പിന്നാലെയാണ് കേജരിവാളും ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിച്ചു. കോവിഡ് പരിശോധനയ്ക്കായി ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടരുതെന്ന് ആരോഗ്യമന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ക്കും സ്വന്തമായി പരിശോധന നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. രോഗ ലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പോ ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ കോവിഡ് പരിശോധന നടത്തിയിരുന്നത്.


