അന്തരീക്ഷ താപനില ഇനിയും ഉയരുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. അതിനാൽ നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. യാത്രയിലും മറ്റും കുപ്പിവെള്ളം ആയിരിക്കും നാം ആശ്രയിക്കുന്നത്. എന്നാൽ ഇവ വാങ്ങുന്നതിന് മുൻപ് നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഐ.എസ്.ഐ മുദ്രയുള്ള കുപ്പികൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം. അതിനോടൊപ്പം തന്നെ പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിയതാണോ എന്നും ശ്രദ്ധ വേണ്ടതാണ്. ഇത്തരത്തിലുള്ള കുപ്പികൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാനുകളായി വാങ്ങുമ്പോഴും ഈ പ്രധാന കാര്യങ്ങൾ മറന്നുപോകരുത്.
വെള്ളക്കുപ്പികൾ, ശീതളപാനീയങ്ങൾ എന്നിവ കടകളിലും മറ്റും നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിലാണ് വച്ചിട്ടുള്ളതെങ്കിൽ ഇവ വാങ്ങാൻ പാടുള്ളതല്ല. കാരണം ഇത്തരം കുപ്പികളിൽ കൂടുതൽ വെയിൽ ഏൽക്കുമ്പോൾ പ്ലാസ്റ്റിക് ഘടകങ്ങൾ വിഘടിച്ച് വെള്ളത്തിൽ കലരാനുള്ള സാധ്യത വളരെ കൂടുതലാണ്, ഇത് പിന്നീട് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ദാഹം തോന്നുന്നില്ലെങ്കിലും, ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇടക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടേയിരിക്കുന്നതാണ് അനുയോജ്യം.