
തിരുവനന്തപുരം: ഡോ. ഹാരിസിനെതിരെ ആരോപണം ഉന്നയിച്ചുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് ഡിഎംഇ കെവി വിശ്വനാഥ്. പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താ സമ്മേളനം അനുചിതം എന്ന് തോന്നുന്നില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനിടെ ഫോണിൽ വിളിച്ചത് താനാണെന്നും അതിൽ ദുരുദ്ദേശ്യമില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എന്ന നിലയിൽ ഉപകരണം നഷ്ടമായ വിവരവും അത് അവിടെ ഉണ്ടായിരുന്നു എന്ന വിവരവും വ്യക്തമായി റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാൽ മതിയെന്ന് പറയാനാണ് വിളിച്ചത്. മാധ്യമങ്ങളെ ആദ്യമായാണ് അവര്‍ ഫെയ്സ് ചെയ്യുന്നത്.
അവര്‍ ഡോക്ടര്‍മാരാണ്. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണ് സദുദ്ദേശത്തോടെ ഫോണ്‍ വിളിച്ച് ആവശ്യമായ നിര്‍ദേശം നൽകിയത്. അതിൽ മറ്റു ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോർട്ട് ഇന്നലെ ഉച്ചയ്ക്ക് സർക്കാരിന് കൈമാറി. റിപ്പോർട്ടിലെ ഉള്ളടക്കം വ്യക്തമാക്കാൻ കഴിയില്ല. മോസിലോസ്കോപ്പിന്റെ ഭാഗം കാണാതായിട്ടില്ല. ആ ഉപകരണം അവിടെ തന്നെയുണ്ടെന്നും ഡിഎംഇ വ്യക്തമാക്കി.
