തിരുവനന്തപുരം: അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ജിബൂട്ടി ഈ മാസം 31ന് ആറു ഭാഷകളില്‍ റിലീസ് ചെയ്യും. കൊച്ചുകുട്ടികള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ജിബൂട്ടി എന്ന് സിനിമയുടെ സംവിധായകന് എസ്.ജെ. സിനു പറഞ്ഞു. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിതെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞു. മനുഷ്യക്കടത്തും ചിത്രത്തിനു പ്രമേയമാകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ചടുലമായ ആക്ഷന്‍ രംഗങ്ങളും വ്യത്യസ്തമായ ലൊക്കേഷനുമെല്ലാം പ്രേക്ഷകര്‍ക്കു നവ്യാനുഭവം പകരും. കോവിഡിന്റെ ആരംഭകാലത്തായിരുന്നു ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചിത്രീകരണത്തിനായി എത്തിയത്. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതേസമയം ജിബൂട്ടി സര്‍ക്കാരിന്റെ ഇടപെടല്‍ ചിത്രീകരണത്തിന് ഏറെ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ജിബൂട്ടിയുടെ പ്രകൃതി സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകള്‍ക്കു പുറമെ ഫ്രഞ്ച് ഭാഷയിലും ചിത്രം 31ന് റിലീസ് ചെയ്യും. നായകൻ അമിത് ചക്കാലക്കൽ, നായിക ഷകുൻ ജസ്വാൾ, നടൻ ബിജു സോപാനം എന്നിവരും മുഖാമുഖത്തില്‍ സംസാരിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന് അദ്ധ്യക്ഷനായി. സെക്രട്ടറി രാജേഷ് രാജേന്ദ്രന് നന്ദി പറഞ്ഞു.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി. സാം നിര്‍മിക്കുന്ന ചിത്രമാണ് ജിബൂട്ടി. എസ്.ജെ. സിനു ആണ് സംവിധാനം. അഫ്സല് അബ്ദുള്‍ ലത്തീഫും എസ്.ജെ. സിനുവും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്. ബോളിവുഡ് നടി ഹിമാചൽ പ്രദേശ് സ്വദേശിയായ ഷകുന്‍ ജസ്വാളാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 75 ശതമാനവും പൂര്‍ത്തിയാക്കിയത് ജിബൂട്ടിയിലാണ്. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന് കിഷോര്‍, ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുഡ്വില് എന്റര്ടൈന്മെന്റ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.