
മനാമ: ബഹ്റൈനിലെ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റ്സ് പ്രോഗ്രാമായ ‘ദിയാഫ’യുടെ അഞ്ചാമത് പതിപ്പ് ഏപ്രില്‍ 6 മുതല്‍ 20 വരെ നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 23 നയതന്ത്രജ്ഞര്‍ ഇതില്‍ പങ്കെടുക്കും.
മുന്‍ വര്‍ഷങ്ങളില്‍ നേടിയ ലക്ഷ്യങ്ങളെയും വിജയങ്ങളെയും അടിസ്ഥാനമാക്കിയാണ് അഞ്ചാം പതിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. ശൈഖ മുനീറ ബിന്ത് ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞര്‍ തമ്മിലുള്ള തുറന്ന സംഭാഷണത്തിനുള്ള ഒരു സവിശേഷ വേദിയാണിത്.
ഗൈഡഡ് ടൂറുകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വിവിധ മേഖലകളിലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ ദിയാഫയില്‍ പങ്കെടുക്കുന്നവരെ പരിചയപ്പെടുത്തും. അക്കാദമികവും പ്രായോഗികവുമായ ഘടകങ്ങള്‍ സംയോജിപ്പിച്ച് സമഗ്രമായ പരിശീലന അനുഭവം പ്രദാനം ചെയ്യുന്ന വിവിധ രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രഭാഷണ പരമ്പരയും ശില്‍പ്പശാലകളും പരിപാടിയില്‍ ഉള്‍പ്പെടുന്നു.
