
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പാലക്കാട് സ്ഥാനാർഥി പട്ടികക്കെതിരെ സി പി എം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. പത്ത് വർഷം മുമ്പ് യുവാക്കളായിരുന്നവർ തന്നെ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും, നിലവിലെ യുവതലമുറയ്ക്ക് എന്നായിരിക്കും പാർട്ടി അവസരം നൽകുകയെന്നും കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നു. പരിചയസമ്പന്നർക്ക് മുൻഗണന നൽകുമ്പോൾ തന്നെ പുതിയ മുഖങ്ങളെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി പി എം എത്തുന്നു എന്നാണ് വിവരം. ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ ഏറെക്കുറെയുള്ള സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്നാണ് വിവരം. തളിപ്പറമ്പിൽ പി കെ ശ്യാമളയെ തന്നെ സ്ഥാനാർഥിയാക്കാനാണ് സി പി എം തീരുമാനം. സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്രചരണം സംസ്ഥാന സമിതി അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്ന ചോദ്യത്തോടെയായിരുന്നു ഗോവിന്ദന്റെ മറുപടി. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി കെ ശ്യാമള ഡി വൈ എഫ് ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചും പി കെ ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്നിരിക്കെ ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയാണ്. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. ശ്യാമളക്കെതിരെ നടക്കുന്ന സൈബര്‍ പ്രചാരണം മലപ്പുറത്തുനിന്നുള്ള യുവ നേതാവാണ് സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മഞ്ചേശ്വരത്ത് ബി ജെ പി ജയിക്കാതെ നോക്കണമെന്നും സംസ്ഥാന സമിതി വിലയിരുത്തി. സ്ഥാനാർത്ഥിത്വം അവധാനതയോടെ മാത്രമായിരിക്കണം. മഞ്ചേശ്വരത്തെ നിലവിലെ പരിഗണനാ ലിസ്റ്റ് പുനരാലോചിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.


