പത്തനംതിട്ട: അടൂർ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം മുറുകി. രണ്ട് വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിയതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 2010 ൽ ഈ വ്യക്തി കൗൺസിലറായിരുന്ന കാലത്തെ പ്രശ്നങ്ങൾ നിസ്സാരമായി കാണാനാവില്ലെന്നും കത്തിൽ പറയുന്നു.
മരണപ്പെട്ട സ്ത്രീയുടെ പേരിൽ കള്ളപ്രമാണത്തിൽ എഗ്രിമെന്റ് വച്ച് സ്വന്തം പേരിൽ വാടക കരാർ ഉണ്ടാക്കി നഗരസഭ ലൈസൻസ് എടുത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിവിധ കോളനികളിലെ പട്ടികജാതിക്കാർക്കു കരഭൂമിക്കു പകരം പുതിയ വയൽ വാങ്ങി നൽകി പറ്റിച്ചു പണം പറ്റിയ സംഭവത്തിലാണു രണ്ടാമത്തെ വിജിലൻസ് കേസ്.
16 പട്ടികജാതിക്കാർ ഇപ്പോഴും ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. റെയ്ഡിൽ മുനിസിപ്പൽ സെക്രട്ടറി, തഹസിൽദാർ, വില്ലേജ് ഓഫീസർ, സപ്ലൈ ഓഫീസർ തുടങ്ങിയവരുടെ സീലുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെങ്കിലും വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസ് സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർക്കുകയായിരുന്നു.