ലണ്ടൻ: നാല് വയസുകാരി കണ്ടെത്തിയ ദിനോസറിന്റെ കാൽപ്പാടുകൾ അവളുടെ ആഗ്രഹം പോലെ കാർഡിഫിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. താൻ കണ്ടെത്തിയ ഫോസിലുകൾ കാണാൻ ലില്ലി മ്യൂസിയത്തിൽ എത്തുകയും ചെയ്തു. 220 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാട് ജനുവരിയിലാണ് നാല് വയസുകാരിയായ ലില്ലി വൈൽഡർ കണ്ടെത്തിയത്. വെയിൽസിലെ ബീച്ചിൽ നിന്നാണ് കാൽപ്പാട് കണ്ടെത്തുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടണിൽ നിന്ന് കണ്ടെത്തിയ ദിനോസറുകളുടെ കാൽപ്പാടുകളിൽ നിന്ന് ഏറ്റവും വ്യക്തതയുള്ള കാൽപ്പാടാണിതെന്നാണ് വിദഗ്ധർ പറഞ്ഞത്. 10 സെൻറി മീറ്റർ നീളമായിരുന്നു കാൽപ്പാടുകൾക്ക്. ഏകദേശം എട്ട് അടി നീളവുമുള്ള ദിനോസറിന്റെ കാൽപ്പാടുകളായിരിക്കും ഇതെന്നാണ് നിഗമനം.
ഗവേഷകർക്ക് ഏറെ ഉപകാരപ്പെടുന്ന കാൽപ്പാടുകളാണ് ലില്ലി കണ്ടെത്തിയത്. ദിനോസറുകൾ എങ്ങനെയാണ് നടന്നതെന്ന് അറിയാൻ ശാസ്ത്രജ്ഞരെ ഈ കാൽപ്പാടുകൾ സഹായിക്കും. പിതാവിനൊപ്പം ലില്ലി കടൽ തീരത്ത് നടക്കുമ്പോഴാണ് കാൽപ്പാടുകൾ കാണുന്നത്. ലില്ലി കണ്ടെത്തിയ കാൽപ്പാടുകൾ പിതാവ് ഫോട്ടോ എടുക്കുകയായിരുന്നു. യുകെയിലെ സൗത്ത് വെയിൽസിലെ ബെൻഡ്രിക്സ് ബേയ്ക്കടുത്താണ് ലില്ലി ഇത് കണ്ടെത്തിയത്.
ഫോസിലിന്റെ ചിത്രങ്ങൾ ഗവേഷകരെ ഏൽപ്പിക്കുമെന്ന് ജനുവരിയിൽ തന്നെ ലില്ലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ലില്ലിയുടെ മുത്തശ്ശിയാണ് ചിത്രങ്ങൾ കൂടുതൽ അന്വേഷണത്തിനായി ഗവേഷകരെ ഏൽപ്പിക്കാൻ പ്രോത്സാഹിപ്പിച്ചത്. ഫോസിലുകൾ കാർഡിഫിലെ നാഷണൽ മ്യൂസിയത്തിലേക്ക് അന്ന് തന്നെ കൊണ്ടുപോയിരുന്നു.
