നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ കണ്ടെത്തി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാർകൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്.
ദിലീപിന്റെ ഫോൺ രേഖകൾ മായ്ക്കാൻ കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. സ്വകാര്യ ഫോറൻസിക് വിദഗ്ധൻ സായിശങ്കർ ഈ ഓഫിസിൽ വെച്ചാണ് രേഖകൾ മായ്ച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ സായിശങ്കർ കേസിൽ പ്രതിയാകും. സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് അതിജീവിത ബാർകൗൺസിലിൽ പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.