തിരുവനന്തപുരം : നിയമസഭാ വളപ്പിലെ വൃക്ഷ, സസ്യ സമൃദ്ധിയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ‘ ഡിജിറ്റൽ ഉദ്യാനം’ നിയമസഭാ സമുച്ചയത്തിലെ ആര്.ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുകയും ഡിജിറ്റൽ ഉദ്യാനത്തിന്റെ വിശദാംശങ്ങൾ നിയമസഭാ സെക്രട്ടറി പരിചയപ്പെടുത്തുകയും ചെയ്തു. ഒരു പ്രദേശത്തെ പൂക്കളുടെയും വൃക്ഷലതാദികളുടെയും വിശദ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി ഒരു സെർവർ കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ക്യു.ആർ കോഡ് മുഖേന കണ്ടെത്താവുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നതാണ് ഈ പദ്ധതി.
ഡോക്യുമെന്റ് ചെയ്യുന്ന ഡാറ്റ, ഡിജിറ്റൈസ് ചെയ്ത് അതിനെ QR കോഡുമായി ബന്ധിപ്പിക്കുന്നു. ഓരോ സസ്യത്തിനും പ്രത്യേക QR കോഡ്, പ്രത്യേക URL എന്നിവ ഉണ്ടാവും. വൃക്ഷലതാദികളിൽ പതിപ്പിക്കുന്ന കോഡ് ‘QR code’ സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ വെബ് പേജ് തുറക്കുകയും ചെടിയുടെ പൂർണവിവരങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു. ഡാറ്റാ പ്രദർശിപ്പിക്കുന്നതിനും QR കോഡും സെർവറും തമ്മിൽ ആശയവിനിമയം നടത്തുന്നതിനുമായി www.digitalgarden.niyamasabha.org
എന്ന വെബ് സൈറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.
കേരള സർവ്വകലാശാല ബോട്ടണി വിഭാഗം പ്രൊഫസറും സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ. എ. ഗംഗാപ്രസാദ്, ഗവേഷണ വിദ്യാർത്ഥി ശ്രീ. അഖിലേഷ് എസ്.വി. നായർ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ‘ഡിജിറ്റൽ ഗാർഡൻ’ എന്ന ആശയം. ഈ സംരംഭത്തിന് വേണ്ട സാങ്കേതിക സഹായം നൽകിയത് നിയമസഭാ സെക്രട്ടേറിയറ്റിലെ വിവര സാങ്കേതിക വിദഗ്ദ്ധരാണ്.