
മനാമ: ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടി 2025 വേളയില്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയം ബാറ്റെല്‍കോയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഡിജിറ്റല്‍ കണക്റ്റിവിറ്റി, വോയ്സ് കമ്മ്യൂണിക്കേഷന്‍, സ്മാര്‍ട്ട് സുരക്ഷ, ഡിജിറ്റല്‍ സൈനേജ് എന്നിവയില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക, വിലയിരുത്തുക, നടപ്പിലാക്കുക എന്നിവയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.
സമഗ്രമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആശയവിനിമയ, ശബ്ദ സംവിധാനങ്ങളിലെ ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള സഹകരണത്തെ ധാരണാപത്രം പിന്തുണയ്ക്കുന്നുവെന്ന് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു. മന്ത്രാലയത്തിന്റെ കണക്റ്റിവിറ്റിയും ശബ്ദ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് ബറ്റെല്‍കോ സാങ്കേതിക വൈദഗ്ധ്യവും നൂതനമായ സംവിധാനങ്ങളും നല്‍കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ സഹകരണം ശക്തിപ്പെടുത്താനും അനുബന്ധ സംവിധാനങ്ങളിലും സാങ്കേതികവിദ്യകളിലും പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ബറ്റെല്‍കോ സി.ഇ.ഒ. മുന അല്‍ ഹാഷിമി പറഞ്ഞു.
