
മനാമ: ബഹ്റൈനില്‍ എക്സ്പോര്‍ട്ട് ബഹ്റൈന്‍, ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സ് എന്നിവയുമായി സഹകരിച്ച് വ്യവസായ- വാണിജ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ഡിജിറ്റല്‍ ബിസിനസ് ചാമ്പ്യന്‍സ് ഓവര്‍സീസ് പ്രോഗ്രാം ഫോര്‍ കമ്പനീസ് ആന്റ് ഫാക്ടീസ്’ മൂന്നാം പതിപ്പ് ആരംഭിച്ചു.
പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെയാണിത്. ഡിജിറ്റല്‍ വ്യാപാര മേഖല വികസിപ്പിക്കാനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില് അതിന്റെ പങ്ക് വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഡിജിറ്റല്‍ വ്യാപാരത്തിലൂടെ കയറ്റുമതി വര്‍ധിപ്പിക്കുക, കമ്പനികളെയും ഫാക്ടറികളെയും ഡിജിറ്റല്‍ രീതികള്‍ സ്വീകരിക്കാന്‍ സജ്ജമാക്കുക, ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
മികച്ച രീതികള്‍, വെല്ലുവിളികള്‍, ഓണ്‍ലൈന്‍ സ്റ്റോര്‍ വികസനം, മാര്‍ക്കറ്റിംഗ്, ലോജിസ്റ്റിക്സ്, നയങ്ങള്‍, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ വ്യാപാരത്തെയും കയറ്റുമതിയെയും കുറിച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള മെന്ററിംഗ് സെഷനുകളും ഇതിന്റെ ഭാഗമായി നടക്കും.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവ https://service.moic.gov.bh/ecom/echamp എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസായ- വാണിജ്യ മന്ത്രാലയം അറിയിച്ചു.


