ദിദിയെ ദെഷാം ഫ്രാൻസ് ദേശീയ ടീം പരിശീലകനായി തുടരും. ദെഷാം കരാർ 2026 വരെയാണ് പുതുക്കിയത്. ഇതോടെ അടുത്ത ലോകകപ്പിലും ദെഷാം ഫ്രാൻസിനെ പരിശീലിപ്പിക്കുമെന്ന് ഉറപ്പായി. ഫ്രഞ്ച് ഫുട്ബോൾ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു.
മുൻ ഫ്രഞ്ച് ദേശീയ ടീം താരമായ ദെഷാം 2012ലാണ് ഫ്രാൻസിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2016 യൂറോ കപ്പിന്റെ ഫൈനലിലേക്ക് ഫ്രാൻസിനെ നയിച്ചതാണ് ദെഷാമിന്റെ ആദ്യ പ്രധാന നേട്ടം. തുടർന്ന് 2018 ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ചു. പിന്നീട് 2021 ൽ യുവേഫ നേഷൻസ് ലീഗിലും ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ചു.
2022 ഖത്തർ ലോകകപ്പിലും ദെഷാം ഫ്രാൻസിനെ പരിശീലിപ്പിച്ചിരുന്നു. ഫ്രാൻസിനെ ലോകകപ്പിന്റെ ഫൈനലിലേക്ക് നയിക്കാൻ ദെഷാമിന് കഴിഞ്ഞു. ലോകകപ്പിന് ശേഷം ദെഷാം സ്ഥാനമൊഴിയുമെന്നും സിനദിൻ സിദാൻ ചുമതലയേൽക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അടുത്ത ലോകകപ്പിലും ദെഷാമിൽ വിശ്വാസം അർപ്പിക്കാനാണ് ഫ്രാൻസിന്റെ പദ്ധതി.