
കര്ണാടക: ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ എസ്ഐ ടി കേസെടുത്തു. ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. ഓഗസ്റ്റ് 26ന് തിമരോടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിസ്റ്റളുകളും തോക്കും കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ 44 ഓളം ആയുധങ്ങൾ തിമരോടിയുടെ വീട്ടിൽ നിന്നും കണ്ടെത്തി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബിജെപി നേതാവ് ബി.എൽ. സന്തോഷിനെ അധിക്ഷേപിച്ച കേസിൽ തിമരോടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നിലവിൽ ജാമ്യത്തിലാണ് മഹേഷ് തിമരോടി.
അതേ സമയം, ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയിട്ടുണ്ട്. ബങ്കലെഗുഡേ വനമേഖലയിൽ കർണാടക ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് അസ്ഥികൾ ലഭിച്ചത്. ബങ്കലെഗുഡേ വനമേഖലയിൽ ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ മൃതദേഹം കുഴിച്ചിട്ടത് കണ്ടു എന്ന് വ്യക്തമാക്കി പ്രദേശവാസികളായ രണ്ടുപേർ എസ്ഐടിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പ്രത്യേക അന്വേഷണസംഘം ഗൗരവത്തിൽ എടുത്തില്ലെന്ന് വ്യക്തമാക്കി ഇരുവരും പിന്നീട് കർണാടക ഹൈക്കോടതിയെ സമീപിച്ചു. പ്രദേശത്ത് വേറെയും മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്നും ഇരുവരും കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ എസ്ഐടിക്ക് ഹൈക്കോടതി
നോട്ടീസ് അയച്ചതോടെയാണ് വനപാലകർക്കൊപ്പം പ്രത്യേക അന്വേഷണസംഘം ഇന്ന് ബങ്കലെഗുഡേയിൽ പരിശോധനക്കെത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഈ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് അസ്ഥി കഷണങ്ങൾ കണ്ടെത്തിയത്. അഞ്ചിടങ്ങളിൽ നിന്ന് അസ്ഥികൾ ലഭിച്ചു എന്നാണ് സൂചന. എന്നാൽ ഇത് മനുഷ്യന്റെതാണോ എന്ന് വ്യക്തമല്ല. വനമേഖലായിൽ കൂടുതൽ പരിശോധന നടത്താനാണ് എസ്ഐടിയുടെ തീരുമാനം. അതേസമയം നേരത്തെ നടത്തിയ പോലെ ഭൂമി കുഴിച്ചുള്ള പരിശോധന ഉണ്ടാകില്ല.
