എരുമേലി: പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഒന്നര വയസുകാരിയുടെ അമ്മ. പൊലീസ് എത്തി സമാധാനിപ്പിച്ച് അവരെ താഴെയിറക്കി.
കാഞ്ഞിരപ്പള്ളി പാലമ്പ്ര പയ്യമ്പള്ളി പ്രിൻസ് തോമസിന്റെ ഭാര്യ ദിയ മാത്യുവാണ് കുട്ടിയെ ചികിത്സിച്ചിരുന്ന എരുമേലിയിലെ സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മൂന്നാം നിലയിലേക്ക് കയറുന്നതിനിടെ ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളാണ് ദിയയെ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. എരുമേലി എസ്.ഐ ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശ്വസിപ്പിക്കുകയും ദിയ സ്വമേധയാ തിരിച്ച് ഇറങ്ങുകയും ചെയ്തു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
മാതാപിതാക്കളെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അന്വേഷണത്തിന്റെ വിശദാംശങ്ങൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. തിളയ്ക്കുന്ന പാൽ ദേഹത്ത് വീണതിനെ തുടർന്ന് ഇടത് കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടത് വശത്ത് ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് സെപ്റ്റംബറിലാണ് മരിച്ചത്. പൊള്ളലേറ്റ കുഞ്ഞിനെ ആദ്യം 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിറ്റേന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. തുടർന്നാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. മരണകാരണം ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.