കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിന്ന് പിന്തുണ തേടി അഷ്റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്റെ ആശങ്ക. ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് നീക്കം.
യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.