
ന്യൂഡല്‍ഹി: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യന്‍ പൗരന്മാരോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുകയും നാടുകടത്തുകയും ചെയ്തതില്‍ പഴയ സുഹൃത്തും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് പറയണമെന്നും ഗാര്‍ഖെ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഈ പ്രസ്താവന. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് പങ്കെടുത്തത്. ഈ യാത്രയില്‍ യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു.
മോദിയുടെ അമേരിക്കന്‍ യാത്രയേയും ഖാര്‍ഗെ പരിഹസിച്ചു. മോദിയെ ആദ്യം യു.എസിലേക്ക് ക്ഷണിച്ചിരുന്നില്ല. പക്ഷെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ആദ്യം അമേരിക്കയിലേക്ക് പോയി ചില ഇടപെടലുകള്‍ നടത്തിയതിന് ശേഷമാണ് മോദിക്കുള്ള ക്ഷണം വരുന്നത്. ഈ സന്ദര്‍ശനം വിജയമാകുമോയെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നുമായിരുന്നു ഖാര്‍ഗെയുടെ പരിഹാസം.
മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിനേക്കാള്‍ മോശമായ രീതിയിലാണ് ഇന്ത്യക്കാരെ യു.എസ്. വിമാനത്തില്‍ അയച്ചത്. നാടുകടത്തുന്ന ഇന്ത്യക്കാരെ ഒരു യാത്രാവിമാനത്തിലെങ്കിലും അയയ്ക്കണമെന്ന് മോദി എന്തുകൊണ്ടാണ് ട്രംപിനോട് പറയാതിരുന്നതെന്ന് ഖാര്‍ഗെ ചോദിച്ചു. അതിന് യു.എസ്. തയാറായിരുന്നില്ലെങ്കില്‍ ഇന്ത്യയില്‍നിന്ന് ഒരു വിമാനം അയയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. ട്രംപുമായി അടുത്ത സൗഹൃദമുണ്ടെന്ന് മോദി പറയുന്നത് വെറും പൊള്ളയാണെന്നും ഖാര്‍ഗെ പറഞ്ഞു.
തന്റെ പഴയ സുഹൃത്തുമായി സംസാരിക്കാറുണ്ടെന്നും അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നുമാണ് മോദി അവകാശപ്പെടുന്നത്. അവര്‍ അത്രയ്ക്ക് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരെ ഇത്ര മോശം രീതിയില്‍ നാടുകടത്തരുതെന്ന് ഫോണില്‍ കൂടിയെങ്കിലും മോദിക്ക് ട്രംപിനോട് പറയാമായിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന മോദി കള്ളവും പറയാറുണ്ടെന്നും, അത് അദ്ദേഹത്തിന് നല്ലതിനല്ലെന്നും ഖാര്‍ഗെ പറയുന്നു.
കൈയില്‍ വിലങ്ങിട്ടും കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചുമാണ് അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യക്കാരെ നാടുകടത്തിയത്. അമേരിക്കയുടെ സൈനിക വിമാനമായ സി-17 വിമാനത്തിലാണ് 104 ഇന്ത്യക്കാരെ പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. കൈകാലുകള്‍ ബന്ധിച്ച് എത്തിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സൈന്യത്തിന്റെ കാര്‍ഗോ വിമാനത്തിലാണ് യാത്രക്കാരെ ഇന്ത്യയില്‍ എത്തിച്ചതെന്നും ഖാര്‍ഗെ ആരോപിക്കുന്നു
