ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പുതുവർഷത്തിൽ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സുപ്രധാനമായ ഒരു തീരുമാനത്തിലൂടെ രാജ്യത്തിന്റെ ഉന്നമനമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിട്ടതെന്ന് കോടതി പറഞ്ഞിരുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുകയും സുതാര്യമാക്കുകയും ചെയ്ത വിപ്ലവകരമായ നിലപാടാണിതെന്ന് ഇക്കാര്യം പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടെന്നും മുരളീധരൻ പറഞ്ഞു.
നിരോധനം കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവയ്ക്കെതിരായ പോരാട്ടമാണെന്ന് സുപ്രീം കോടതി അടിവരയിടുന്നു. റിസർവ് ബാങ്കുമായി മതിയായ കൂടിയാലോചനകൾ നടത്തിയെന്ന വിലയിരുത്തലിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളിയെന്നും മുരളീധരൻ പറഞ്ഞു.