കൊച്ചി: ആരോഗ്യ സർവകലാശാല വിസി നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായി അന്തിമ പട്ടികയിലുണ്ടായിരുന്ന ഉദ്യോഗാർത്ഥി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത് ചട്ടലംഘനമാണെന്നാണ് ആരോപണം. ഗവർണർ നീക്കം ചെയ്യാത്ത സംസ്ഥാനത്തെ ഏക വി.സിക്കെതിരെയാണ് ഹർജിക്കാരനായ പ്രവീൺ ലാൽ കുറ്റിച്ചിറ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി ഡോ.മോഹനൻ കുന്നുമ്മലിനെ നിയമിച്ചത് യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്. സെർച്ച് കമ്മിറ്റി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഗവർണർ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളയാളെ വി.സിയായി തിരഞ്ഞെടുത്തെന്നാണ് ആരോപണം.
2019 ഒക്ടോബറിലാണ് തൃശ്ശൂർ ആരോഗ്യ സർവകലാശാലയുടെ വി.സിയായി മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത്. ഇതിനെതിരെയാണ് ഡോ.പ്രവീൺ ലാൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്തിമ പട്ടികയിൽ നിന്ന് വി.സിയെ തിരഞ്ഞെടുക്കാൻ ഗവർണർക്ക് വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് കഴിഞ്ഞ വർഷം ഹർജി തള്ളിയിരുന്നു. കെ.ടി.യു കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്.