
മനാമ: ബഹ്റൈനില്‍ കൊറിയര്‍ കമ്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഡെലിവറി ഡ്രൈവര്‍മാര്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചുകൊണ്ട് പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി (പി.ഡി.പി.എ) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും അവരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണിത്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് വേണമെങ്കില്‍ സ്വീകര്‍ത്താവിനെ ഉറപ്പുവരുത്താന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ അതിലെ ചിത്രമോ മറ്റെന്തെങ്കിലും വിവര മോ പകര്‍ത്തി സൂക്ഷിക്കരുത്.
ഡെലിവറി, ലോജിസ്റ്റിക്സ് കമ്പനികളിലെ ഡാറ്റാ മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.


 
