
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തതെന്ന് മലപ്പുറം എസ്.പി. ആര്. വിശ്വനാഥ് പറഞ്ഞു.
സിറാജുദ്ദീനെ സഹായിച്ചവരെക്കുറിച്ചും തെളിവ് നശിപ്പിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തും. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നത്. മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു. കുറച്ചു കാലം ഇവര്‍ വളാഞ്ചേരിയിലും താമസിച്ചു. ഇവിടെവെച്ചും പ്രസവം നടന്നിരുന്നെന്ന് എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്മ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമുള്ള നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനി വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നില്‍ക്കാതിരുന്നതാണ് മരണകാരണമായത്.
