
ന്യൂഡല്‍ഹി: ബിജെപിയെ വിജയിപ്പിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഡല്‍ഹി ഞങ്ങള്‍ക്ക് പൂര്‍ണ ഹൃദയത്തോടെ സ്നേഹം നല്കി. വികസനത്തിന്റെ രൂപത്തില്‍ ഇരട്ടി സ്നേഹം ഞങ്ങള്‍ തിരികെ നല്‍കുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പ് നല്കുന്നു. ഇന്ന് ഡല്‍ഹിയിലെ ജനങ്ങളുടെ മനസില്‍ ആവേശവും ആശ്വസവുമുണ്ട്. ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു മോചിതരായതിന്റെ ആശ്വസമാണ് ജനങ്ങള്‍ക്ക്. മോദിയുടെ ഉറപ്പില്‍ വിശ്വസിച്ചതിന് ഡല്‍ഹി ജനതയ്ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു.’
‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. 2014, 2019, 2024 വര്‍ഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഏഴ് സീറ്റുകളിലും ബിജെപിയെ വിജയിപ്പിച്ചു.’
ഡല്‍ഹിയെ പൂര്‍ണമായി സേവിക്കാന്‍ കഴിയാത്തത് രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ഒരു വേദനയായിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹി ഞങ്ങളുടെ ആ അഭ്യര്‍ഥനയും സ്വീകരിച്ചു.’
’21-ാം നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍ ഇനി ഡല്‍ഹിയില്‍ ബിജെപിയുടെ സദ്ഭരണം കാണും. ബിജെപിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാരില്‍ രാജ്യം എത്രമാത്രം വിശ്വാസമര്‍പ്പിക്കുന്നുവെന്ന് ഇന്നത്തെ ഫലങ്ങള്‍ കാണിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം, ബിജെപി ആദ്യം ഹരിയാനയില്‍ അഭൂതപൂര്‍വമായ വിജയം പിടിച്ചു. പിന്നാലെ മഹാരാഷ്ട്രയില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.’
‘രാഷ്ട്രീയത്തില്‍ നുണകള്‍ക്കും കുറുക്കുവഴികള്‍ക്കും സ്ഥാനമില്ലെന്ന് ഡല്‍ഹിയുടെ ജനവിധിയില്‍ നിന്ന് വ്യക്തമാണ്. കുറുക്കുവഴി രാഷ്ട്രീയത്തിന്റെ യുഗം ജനങ്ങള്‍ അവസാനിപ്പിച്ചു. ഡല്‍ഹിയുടെ യഥാര്‍ഥ ഉടമകള്‍ ഡല്‍ഹിയിലെ ജനങ്ങളാണെന്നു അവര്‍ വ്യക്തമാക്കിയിരിക്കുന്നു. ഡല്‍ഹിയുടെ ഉടമസ്ഥരാണെന്ന് കരുതിയിരുന്നവര്‍ക്ക് സത്യം മനസിലായി.’
പ്രസംഗത്തിനിടെ മോദി നിതീഷ് കുമാറിനേയും ചന്ദ്രബാബു നാഡുവിനേയും അഭിനന്ദിച്ചു. ഇരുവരും വികസന മുന്നേറ്റത്തില്‍ കൃത്യമായ പങ്കു വഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
