
ദില്ലി: നഗരത്തിലെ പമ്പുകളിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകി ദില്ലി സർക്കാർ. നയത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നതാണ് ഈ നിർണായക തീരുമാനത്തിന് കാരണം. ഉത്തരവ് പിൻവലിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ദില്ലി സർക്കാർ, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റിന് (CAQM) കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു ദില്ലി സർക്കാർ പമ്പുടമകൾക്ക് നൽകിയ നിർദേശം.
എന്നാൽ ഈ നിർദേശത്തിനെതിരെ വലിയ പൊതുജനരോഷമാണ് ഉയർന്നത്. നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയും സർക്കാർ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങൾ നടക്കുകയും ചെയ്തു. എട്ട് വർഷം മാത്രം പഴക്കമുള്ള റേഞ്ച് റോവർ കാർ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്ന ഒരു ഉടമയുടെ പോസ്റ്റും, 2015-ൽ വാങ്ങിയ തൻ്റെ മെഴ്സിഡസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്ന മറ്റൊരു ഉടമയുടെ അനുഭവവും വലിയ ചർച്ചയായി. നല്ല രീതിയിൽ മെയിന്റെയിൻ ചെയ്ത 16 വർഷം പഴക്കമുള്ള മെഴ്സിഡസ്-ബെൻസ് E 280 V6 “വിൻ്റേജ് സ്ക്രാപ്പ്” എന്ന് മുദ്രകുത്തേണ്ട അവസ്ഥയുണ്ടാക്കിയതിന്റെ അമർഷം മറ്റൊരു വ്യക്തിയും പ്രകടിപ്പിച്ചു.
