ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അത്യാധുനിക നിരീക്ഷണക്കപ്പലുകള്‍ വാങ്ങുന്നു. ഇതിനായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡുമായി (എംഡിഎല്‍) ബുധനാഴ്ച 1,070 കോടി രൂപയുടെ കരാര്‍ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു.
കോസ്റ്റ്ഗാര്‍ഡിനുവേണ്ടി 14 ഫാസ്റ്റ് പട്രോള്‍ വെസ്സല്‍സ്(എഫ്.പി.വി) ആണ് എംഡിഎല്‍ നിര്‍മിക്കുക. വേഗത കൂടിയ എഫ്.പി.വികള്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണത്തിന് കൂടുതല്‍ കരുത്തേകും. ഇന്ത്യന്‍ നാവികസേനയ്ക്കുവേണ്ടി യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നിര്‍മിച്ചുനല്‍കുന്ന വ്യവസായശാലയാണ് എംഡിഎല്‍.
ബൈ(ഇന്ത്യന്‍-ഐഡിഡിഎം) കാറ്റഗറിയിലാണ് എംഡിഎല്‍ നിരീക്ഷണക്കപ്പലുകള്‍ നിര്‍മിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി രൂപകല്പനചെയ്ത് നിര്‍മിക്കുന്ന എഫ്.പി.വികള്‍ 63 മാസത്തിനുള്ളില്‍ കോസ്റ്റ്ഗാര്‍ഡിന് കൈമാറുമെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അത്യാധുനിക സാങ്കേതികതകള്‍ കൂടാതെ വിവിധ ഉദ്ദേശങ്ങള്‍ക്കുതകുന്ന ഡ്രോണുകള്‍, വയര്‍ലെസ് മുഖാന്തരം നിയന്ത്രിക്കാവുന്ന റിമോട്ട് വാട്ടര്‍ റെസ്ക്യൂ ക്രാഫ്റ്റും ലൈഫ്ബോയ്കളും ആധുനികകാലത്തുണ്ടാകാവുന്ന വ്യത്യസ്ത ഭീഷണികള്‍ നേരിടാന്‍ കോസ്റ്റ്ഗാര്‍ഡിനെ പര്യാപ്തമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളും എഫ്.പി.വികളില്‍ സജ്ജമാക്കും.
മത്സ്യബന്ധനമേഖലയുടെ സംരക്ഷണവും നിരീക്ഷണവും നിയന്ത്രണവും പര്യവേക്ഷണവും വര്‍ധിപ്പിക്കാനും കളളക്കടത്ത്, കടല്‍ക്കൊള്ള എന്നിവയുടെ നിയന്ത്രണനടപടികള്ക്കും ആഴംകുറഞ്ഞ ഭാഗങ്ങളിലുള്‍പ്പെടെയുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അപകടത്തില്‍പ്പെടുന്ന കപ്പലുകള്‍, തോണികള്‍ എന്നിവയുടെ സഹായത്തിനും സമുദ്രമേഖലയിലുണ്ടാകുന്ന മലിനീകരണം നിരീക്ഷിക്കാനും ആവശ്യമായ സഹായമെത്തിക്കാനും ഈ ആധുനിക നിരീക്ഷണക്കപ്പലുകള്‍ കോസ്റ്റ്ഗാര്‍ഡിന് സഹായകമാകുമെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ സമുദ്രമേഖലയുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് കോസ്റ്റ്ഗാര്‍ഡിന് പുതിയ നിരീക്ഷണക്കപ്പലുകള്‍ സജ്ജമാക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. പുതിയ കപ്പലുകള്‍ കോസ്റ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും കൂടുതല്‍ ശക്തമാക്കാനും ഉതകുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഈ പുതിയ പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അത് രാജ്യത്തെ കൂടുതല്‍ വികസനത്തിലേക്ക് നയിക്കുമെന്നും മന്ത്രാലയം പറയുന്നു.