സിഡ്നി: കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സൈന്യത്തെ രംഗത്തിറക്കി ആസ്ട്രേലിയൻ സർക്കാർ. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 5 മില്യൺ ജനസംഖ്യയുള്ള സിഡ്നി നഗരം ഒരു മാസത്തിലേറെയായി സമ്പൂർണ ലോക്ക്ഡൗണ്ലാണ്. അതിനിടയിലാണ് രക്ഷാപ്രവർത്തനത്തിന് പൊലീസിനെ സഹായിക്കാൻ 300 ഓളം സൈനികരെ സർക്കാർ നഗരത്തിൽ വിന്യസിച്ചത്. ഇവർ കൊവിഡ് ബാധിതരായ ജനങ്ങൾക്ക് അവരുടെ വീടുകളിലെത്തി ആവശ്യമായ മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നല്കും. ഇതോടൊപ്പം പരിശോധനാ നിരക്ക് വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സിഡ്നിയിലാണ്.
