മസ്കത്ത്: വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കാൻ തീരുമാനം. ഒപ്പം എല്ലാ വർഷവും ഫെബ്രുവരി 24 ഒമാൻ അധ്യാപക ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ബൈത്ത് അല്‍ ബറക പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ വിഷൻ 2040 ന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
വാണിജ്യ രജിസ്ട്രേഷൻ നിരക്ക് പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ നിക്ഷേപകരെയും ഒമാനി നിക്ഷേപകരെപ്പോലെ പരിഗണിക്കും. ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായാണ് ഫീസ് കുറയ്ക്കൽ. വിഷൻ 2040 ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയും വികസനവും ആവശ്യമാണെന്ന് സുൽത്താൻ നിർദ്ദേശിച്ചു. ഇതിനായി തൊഴിലും സാങ്കേതിക വിദ്യാഭ്യാസവും നടപ്പാക്കണം. 11, 13 ക്ലാസുകളിലെ വിദ്യാർത്ഥികളെ തൊഴിലധിഷ്ഠിത, സാങ്കേതിക വിദ്യാഭ്യാസ രീതികളിലേക്ക് തിരിക്കണം. അടുത്ത വർഷം മുതൽ വിദ്യാഭ്യാസ പദ്ധതിയിൽ എഞ്ചിനീയറിംഗ്, വ്യാവസായിക വൈദഗ്ധ്യം എന്നിവ ഉൾപ്പെടുത്തി ആവശ്യമായ മാറ്റം വരുത്തണമെന്നും സുൽത്താൻ നിർദ്ദേശിച്ചു.
രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് അധ്യാപക ദിനത്തിൽ അവധി നൽകാനാണ് മന്ത്രിസഭാ യോഗത്തിൽ എടുത്ത മറ്റൊരു പ്രധാന തീരുമാനം. ഒമാന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കും. ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്താനും മന്ത്രിസഭ തീരുമാനിച്ചു.
