
മനാമ: അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അപൊസ്റ്റോലിക് വിസിറ്റേറ്ററായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നിയമിച്ച മോണ്‍സിഞ്ഞോര്‍ ജോളി വടക്കന്‍ ബഹ്റൈന്‍ സിറോ മലബാര്‍ സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളുമായി സൂം മീറ്റിംഗിലൂടെ സംവദിച്ചു.
കൂട്ടായതും ഐക്യത്തോടുകൂടിയുമുള്ള സഭാ വിശ്വാസ പ്രവര്‍ത്തനങ്ങളായിരിക്കും മേഖലയില്‍ നടപ്പിലാക്കുകയെന്നും അതിനായി സഭാ മക്കളുടെ പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന സിറോ മലബാര്‍ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തിലൂടെ കടന്നുപോകുന്ന സിറോ മലബാര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് പി.ടി. ജോസഫ് അച്ചനോട് വിശദീകരിച്ചു.
21ന് നടന്ന പ്രത്യേക യോഗത്തിലേക്ക് സിറോ മലബാര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് ജോളി വടക്കനച്ചനെ സ്വാഗതം ചെയ്തു. ഗള്‍ഫ് മേഖലയിലെ എസ്.എം.സി.എയുടെ ഭാഗമായി ബഹ്റൈനില്‍ രൂപംകൊണ്ട സിറോ മലബാര്‍ സൊസൈറ്റിയുടെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളെയും സൊസൈറ്റിയുടെ വളര്ച്ചെയയും കുറിച്ച് ആദ്യകാല പ്രവര്‍ത്തകനായ ജേക്കബ് വാഴപ്പിള്ളി വിശദീകരിച്ചു.
ബഹ്റൈന്‍ സിറോ മലബാര്‍ സൊസൈറ്റിയിലെ ഭരണസമിതിയോട് അറേബ്യന്‍ മേഖലയിലേക്കുള്ള തന്റെ നിയമനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിക്കാന്‍ അപ്പൊസ്റ്റോലിക് വിസിറ്റേറ്റര്‍ കാണിച്ച പ്രത്യേക താല്പര്യത്തിന് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി പറഞ്ഞു
സിറോ മലബാര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി ജോസഫ്, ജയ്സണ്‍ മഞ്ഞളി, ഷാജി സെബാസ്റ്റ്യന്‍, പ്രേംജി ജോണ്‍, സോബിന്‍ ജോസ്, സിബു ജോര്‍ജ് എന്നിവര്‍ അച്ചന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.


