
കല്‍പ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആദിവാസി സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരമാരംഭിക്കാനാണ് തീരുമാനം.
ഗോകുലിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഗോകുലിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലാക്കിയിട്ടും പോക്സോ കേസടക്കം ചുമത്താനാണ് പോലീസ് നീക്കം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. പോക്സോ കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പനമരത്തും ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഗോകുലിനെ കാണാതായതിന് പിന്നാലെ പോലീസ് അമ്പലവയലിലെ ഊരിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
അതേസമയം ഗോകുലിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയെടുത്തു. ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയിലും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സംഘം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി.കെ. മോഹനനും ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.
