തൃശൂര്‍: മകളുടെ വിവാഹത്തിനായി റിപ്പർ ജയാനന്ദൻ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷയിലാണ് ജയാനന്ദനെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചത്. ഹൈക്കോടതിയിൽ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്. 17 വർഷത്തെ ജയിൽ വാസത്തിനിടെ ഇതാദ്യമായാണ് ജയാനന്ദന് പരോൾ ലഭിക്കുന്നത്. ജയാനന്ദന്റെ മകളെ വിവാഹം കഴിച്ചത് ഒറ്റപ്പാലം സ്വദേശിയാണ്.
അതീവ സുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ എസ്കോർട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. പോലീസ് അകമ്പടിയോടെയാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. മാള ഇരട്ടക്കൊലപാതകം, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലപാതകം തുടങ്ങി 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ.
സ്ത്രീകളെ തലയ്ക്കടിച്ച് ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു രീതി. ജീവിതാവസാനം വരെ കഠിനതടവാണ് ശിക്ഷ. ഇയാൾ വളരെ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ പരോളിന് ആദ്യം അപേക്ഷിച്ചെങ്കിലും സർക്കാർ എതിർത്തിരുന്നു.