
മനാമ: ബഹ്റൈനിലെ ഏറ്റവും പുതിയ വിനോദ ആകര്‍ഷണങ്ങളിലൊന്നായ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ പുതിയ നൃത്ത ജലധാരാ പദ്ധതി ഉദ്ഘാടനം ചെയ്തു.
ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി, കാപ്പിറ്റല്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രിഗേഡിയര്‍ അമ്മാര്‍ മുസ്തഫ അല്‍ സയീദ്, സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ബഹ്റൈന്റെ വൈദഗ്ധ്യവും അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണവും ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ജലധാരയില്‍ സംവേദനാത്മക ജലം, വെളിച്ചം, സംഗീത പ്രദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് സമഗ്രമായ ഒരു വിനോദകേന്ദ്രമെന്ന നിലയില്‍ പ്രദേശത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുകയും ബഹ്റൈന്റെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയും തീരപ്രദേശങ്ങളെ സമ്പന്നമാക്കുകയും ചെയ്യുമെന്ന് മന്ത്രി അല്‍ സൈറാഫി പറഞ്ഞു.
വാട്ടര്‍ ഗാര്ഡന് സിറ്റിയെ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഒരു വിനോദസഞ്ചാര, നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനം നിര്‍വഹിച്ച അല്‍ബിലാദ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റിന്റെ ജനറല്‍ മാനേജര്‍ സിയാദ് അബ്ദുല്‍ ലത്തീഫ് ജനാഹി പറഞ്ഞു.


