ഡാളസ്: ഡാളസ് കേരള അസ്സോസിയേഷന് എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള പിക്നിക്ക് കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് മുടങ്ങിയെങ്കിലും ഈ വര്‍ഷം ആവേശോജ്വമായി കൊണ്ടാടി. ഇരുനൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത പിക്നിക്കും സ്പോര്‍ട്സും കാണികള്‍ക്ക് നയനാനന്ദകരവും, പങ്കെടുത്തവര്‍ക്ക് ആവേശോജ്വലവുമായി.
ഗാന്ധിജയന്തി ദിനത്തില്‍ ഒക്ടോബര്‍ 2 ശനിയാഴ്ച രാവിലെ തന്നെ ഗാര്‍ലന്റ് കേരള അസ്സോസിയേഷന് ആസ്ഥാനത്തേക്ക് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികളോടൊപ്പം മാതാപിതാക്കളും എത്തിച്ചേര്‍ന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മാതാപിതാക്കളേക്കാള്‍ ഈ വര്‍ഷം കുട്ടികള്‍ പിക്നിക്കിലും, സ്പോര്‍ട്സിലും പങ്കെടുക്കുവാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു. പ്രായമായവരും ഒട്ടും പുറകിലായിരുന്നില്ല.
കപ്പപുഴുക്കും കാന്താരി ചമ്മന്തിയും ചേര്‍ത്ത് പ്രഭാത ഭക്ഷണം കഴിച്ചശേഷമാണു വിവിധ മത്സരങ്ങള്‍ ആരംഭിച്ചത്. അസ്സോസിയേഷന്റെ ഉടമസ്ഥതയിലുള്ള വിശാലമായ മൈതാനത്ത് കസേരകളി, ചാക്കില്‍ കയറി ഓട്ടം, വടംവലി, ഓട്ടമത്സരം, കണ്ണുകെട്ടികളി തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു. മത്സരങ്ങളിലെ വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. കോവിഡ് മഹാമാരിയുടെ ഭയത്തില്‍ നിന്നും മോചനം ലഭിച്ച പ്രതീതി എല്ലാവരുടേയും മുഖത്തു പ്രതിഫലിച്ചിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ ഇത്രയും അംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്നത് ആദ്യമായിട്ടായിരുന്നു.
കേരള അസ്സോസിയേഷന് ഭാരവാഹികളായ പ്രദീപ് നാഗനൂലില്‍(സെക്രട്ടറി), അനശ്വര്‍ മാംമ്പിള്ളി, ഷിബു ജെയിംസ്, ജെജു ജോസഫ്, ദീപാ സണ്ണി, സാബു മാത്യു, ഡോ. ജെസ്സി പോള്‍, ഫ്രാന്‍സിസ് തോട്ടത്തില്‍, സുരേഷ് അച്ചുതന്, ദീപക് നായര്‍, ലേഖാ നായര്‍, അഷിതാ സജി എന്നിവര്‍ക്ക് പുറമെ ടോമി നെല്ലുവേലില്‍, ജോയ് ആന്റണി, ചെറിയാന് ചൂരനാട്, ജോസഫ് ജോര്‍ജ്, ഐ. വര്‍ഗീസ്, രാജന് ഐസക്ക്, സെബാസ്റ്റ്യന്‍ പ്രാകുഴി എന്നിവരും പിക്നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.