ഡാലസ്: കോവിഡ് മഹാമാരി ഡാലസ് കൗണ്ടിയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തശേഷം ജനുവരി 19 ബുധനാഴ്ച വരെ 500, 502 കേസുകൾ സ്ഥിരീകരിക്കപ്പെട്ടതായി കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടു വർഷത്തോളം കൃത്യമായി പറഞ്ഞാൽ 680 ദിവസം നോർത്ത് ടെക്സസ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ താൽക്കാലിക ലോക്ഡൗണിലേക്കും ഓൺലൈൻ പഠനത്തിലേക്കും കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടും ജനജീവിതം ദുഷ്കരമാക്കിയിരുന്നു.
കോവിഡിൽ നിന്നും ഏകദേശം മോചനം ലഭിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് മാരകമായ വൈറസുകളോടെ മൂന്നാം തരംഗം പ്രത്യക്ഷപ്പെട്ടത്. ഡാലസ് കൗണ്ടിയിൽ ഈ കാലഘട്ടത്തിൽ 5678 മരണം സംഭവിച്ചു. പലർക്കും തങ്ങളുടെ പ്രിയപ്പെട്ടവർ കോവിഡിന്റെ പിടിയിൽ അകപ്പെട്ടു മരണത്തിലേക്ക് നീങ്ങുന്നത് നിസ്സംഗതയോടെ നോക്കിനിൽക്കേണ്ടി വന്നു. മാന്യമായ അന്ത്യ യാത്രയയപ്പുപോലും നൽകാനാവാതെ പ്രിയപ്പെട്ടവരുടെ ഹൃദയം തകരുന്ന അവസ്ഥയിലേക്ക് കോവിഡ് മഹാമാരി നിർദാക്ഷണ്യം മനുഷ്യ സമൂഹത്തെ വേട്ടയാടിയതായി ജില്ലാ ജഡ്ജി ക്ലെ ജങ്കിൻസ് എഴുതി തയാറാക്കി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
കോവിഡ് മൂന്നാം തരംഗം അതീവ മാരകമായതോടെ കഴിഞ്ഞ രണ്ടു ആഴ്ചകളിൽ ഡാലസ് കൗണ്ടിയിലെ പ്രതിദിന ശരാശരി കോവിഡ് കേസുകളുടെ എണ്ണം 4121 ആയി ഉയർന്നു. രണ്ടാഴ്ച മുമ്പു പ്രതിദിന ശരാശരി 1369 ആയിരുന്നു. വാക്സിനേഷനും, കോവിഡ് നിയന്ത്രണങ്ങളും ഇനിയും എത്രനാൾ പാലിക്കേണ്ടി വരുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണിപ്പോൾ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും പഠനം ഓൺലൈനിലേക്ക് വീണ്ടും മാറിയിരിക്കുന്നു.