ചെന്നൈ :ബുറേവി ചുഴലിക്കാറ്റ് ദുർബലമായതിന് പിന്നാലെ തമിഴ്നാട്ടിൽ പെയ്യുന്ന കനത്ത മഴയിൽ 17 മരണം. കനത്ത കൃഷി നാശവുമുണ്ടായി. തെക്കൻ ജില്ലകളിലാണ് വ്യാപക മഴക്കെടുതി. ചെന്നൈ നഗരത്തിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.ബുറേവി ചുഴലിക്കാറ്റ് രാമനാഥപുരത്തിനടുത്ത് മാന്നാർ കടലിടുക്കിൽ ദുർബലമായെങ്കിലും തമിഴ്നാട്ടിൽ മഴ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടും കെട്ടിടങ്ങൾ തകർന്നും വൈദ്യുതാഘാതമേറ്റും മരിച്ചവരുടെ എണ്ണം 17 ആയി. രാമനാഥപുരം, കടലൂർ, തഞ്ചാവൂർ, കാഞ്ചീപുരം പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടം. ഒരു ലക്ഷം ഏക്കറിലെ കൃഷി നശിച്ചതായി തമിഴ്നാട് സർക്കാർ വ്യക്തമാക്കി.
കാഞ്ചീപുരത്തിനടുത്ത് പലാർ നദിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നു പെൺകുട്ടികൾ മരിച്ചു. ഇതിൽ രണ്ടു പേർ സഹോദരിമാരാണ്. തഞ്ചാവൂരിന് സമീപം കുംഭകോണത്ത് ഭിത്തി തകർന്ന് ദമ്പതികൾ മരിച്ചു. പുതുക്കോട്ടയിലും മയിലാടു തുറയിലും വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരണമടഞ്ഞു.
കന്യാകുമാരി, തെങ്കാശി, കടലൂർ, സേലം എന്നിവിടങ്ങളിലും പുതുച്ചേരിയിലും ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നീരൊഴുക്ക് കൂടിയതോടെ ചെന്നൈ ചെമ്പരപ്പാക്കം അണക്കെട്ടിൽ നിന്ന് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് വർധിപ്പിച്ചു. 1000 ഘനയടിയിൽ നിന്ന് 2500 ഘനയടിയായാണ് ഉയർത്തിയത്. ചെന്നൈ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.