
മനാമ: ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഒക്ടോബര്‍ 14, 15 തിയതികളില്‍ സൈബര്‍ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.
നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശീലനം. രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ പ്രതിരോധശേഷി ശക്തിപ്പെടുത്താനും സൈബര്‍ ഭീഷണികളുടെ വര്‍ധിച്ചുവരുന്ന അപകടസാധ്യതകളില്‍നിന്ന് പ്രധാന മേഖലകളെ സംരക്ഷിക്കാനുമുള്ള പരിശീലനമാണ് നല്‍കിയത്.
സിമുലേറ്റഡ് സൈബര്‍ സംഭവങ്ങളോട് പ്രതികരിക്കുന്നതിലെ സന്നദ്ധതയും ഏകോപനവും പരീക്ഷിക്കുക, ഭീഷണികള്‍ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള പങ്കാളികളുടെ കഴിവ് വിലയിരുത്തുക, ടീമുകള്‍ക്കിടയില്‍ സഹകരണവും അറിവ് പങ്കിടലും വര്‍ധിപ്പിക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് നാഷണല്‍ ഗാര്‍ഡ് സ്റ്റാഫ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് പറഞ്ഞു.
