
മനാമ: ദേശീയ സൈബര്‍ സുരക്ഷാ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും (എന്‍.സി.എസ്.സി) ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) സംയുക്ത പദ്ധതിക്കുള്ള കരാറില്‍ ഒപ്പുവെച്ചു.
എന്‍.സി.എസ്.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയും ബി.ഐ.ബി.എഫ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അഹമ്മദ് അബ്ദുല്‍ഹമീദ് അല്‍ ഷെയ്ഖുമാണ് കരാറില്‍ ഒപ്പുവെച്ചത്. അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെയും എക്സിബിഷന്റെയും (എ.ഐ.സി.എസ്. 2025) മൂന്നാം പതിപ്പില്‍ നടക്കുന്ന പ്രത്യേക പരിശീലന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 5 മുതല്‍ 6 വരെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ ഈ പരിപാടി നടക്കും.
