
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നികുതി വെട്ടിപ്പും കസ്റ്റംസ് നിയമലംഘനവും നടത്തിയ കേസില്‍ രണ്ടു വിദേശികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.
വെട്ടിച്ച അതേ തുക പിഴയായി നല്‍കാനും കോടതി വിധിച്ചു. ഒരാള്‍ക്ക് 1,02,711 ദിനാറും മറ്റൊരാള്‍ക്ക് 2,07,044 ദിനാറുമാണ് പിഴ ചുമത്തിയത്.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവര്‍, കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെയും പണത്തിന്റെയും വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിയമം ലംഘിക്കുകയായിരുന്നു. നികുതി ചുമത്തേണ്ട വസ്തുക്കള്‍ കൈവശമുണ്ടായിരുന്നെങ്കിലും അത് വെളിപ്പെടുത്തിയില്ല. സംശയം തോന്നി നടത്തിയ പരിശോധനയില്‍ കൈവശമുള്ള വസ്തുക്കളും പണവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.


