
മനാമ: 2024- 2025 ക്രൂയിസ് കപ്പല്‍ സീസണിന്റെ സമാപിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.
ഈ സീസണില്‍ ലോകമെമ്പാടുമുള്ള 1,40,100 വിനോദസഞ്ചാരികള്‍ രാജ്യത്തെത്തി. മുന്‍ സീസണിനെ അപേക്ഷിച്ച് 15% വര്‍ദ്ധനയുണ്ടായി. കൂടാതെ രാജ്യത്തുടനീളമുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുമുണ്ടായി.
2024 നവംബര്‍ മുതല്‍ 2025 ഏപ്രില്‍ വരെ നീണ്ടുനിന്ന സീസണില്‍ 40 ക്രൂയിസ് കപ്പലുകള്‍ എത്തിയതായി ബി.ടി.ഇ.എയിലെ പ്രോജക്ട്സ് ആന്റ് റിസോഴ്സസ് ഡെപ്യൂട്ടി സി.ഇ.ഒ. ഡാന ഒസാമ അല്‍ സാദ് പറഞ്ഞു. ബഹ്റൈന്റെ ടൂറിസം നയം മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സീസണ് സംഭാവന നല്‍കുകയും റീട്ടെയില്‍, ഗതാഗതം, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
2025- 2026 ക്രൂയിസ് സീസണിനായുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സമുദ്ര ടൂറിസം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
