
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിൻ്റെ മൊഴി പുറത്ത്. ഉദ്യോഗസ്ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. അതേസമയം, പത്മകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൊണ്ടുപോയി. മാധ്യമങ്ങൾക്ക് മുന്നിൽ നിശബ്ദനായ പത്മകുമാർ ദൈവത്തെ പോലെ കണ്ടതാരെയാണെന്ന ചോദ്യത്തിന് ചിരിക്കുക മാത്രമാണ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്ന് പത്മകുമാർ നൽകിയ മൊഴിയിൽ പറയുന്നു.
ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് കൈമാറിയത്. സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.
കട്ടിള പാളി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ്ഐആർ. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരും ബോർഡ് തീരുമാനം എന്നാണ് മൊഴി നൽകിയത്. 2019 ൽ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.


