
കോഴിക്കോട്: വലിയങ്ങാടിയില്‍ തിങ്കളാഴ്ച കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് നാലു പേര് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി മേയര്‍ ഒ. സദാശിവന്. കെട്ടിടം അണ്‍ഫിറ്റ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് മേയര്‍ ഫണ്ടില്‍നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റയാള്‍ക്ക് അര ലക്ഷം രൂപയും അനുവദിക്കും. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ ബലക്ഷയമുള്ള കെട്ടിടങ്ങള്‍ അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹായത്തില്‍ ഒരു അന്വേഷണത്തിനാണ് ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റയാള്‍ക്കും കൂടുതല്‍ ധനസഹായം ലഭ്യമാക്കാന്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കും.
അപകടഭീഷണിയിലെന്ന് 2022ല്‍ കണ്ടെത്തിയ 16 കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതില്‍ ഉള്‍പ്പെടുന്നൊരു കെട്ടിടത്തിലാണ് ഇപ്പോള്‍ അപകടമുണ്ടായത്. ഈ കെട്ടിടത്തില്‍ പുതുതായി ആര്‍ക്കും ലൈസന്‍സ് നല്‍കിയിരുന്നില്ല. എന്നാല്‍ നിലവിലുള്ളവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു.
ഈ കെട്ടിടമുള്‍പ്പെടെ 16 കെട്ടിടങ്ങളും ‘അണ്‍ഫിറ്റ്’ ആണെന്ന റിപ്പോര്‍ട്ട് എന്‍ജിനീയറിംഗ് വിഭാഗം നല്‍കിയിരുന്നില്ല, എന്നാല്‍ കാലപ്പഴക്കമുള്ള കെട്ടിടങ്ങളാണ്. റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ആളുകളെ ഇറക്കിവിടാനാവില്ല.
കടകള്‍ ഒരുമിച്ച് ഒഴിപ്പിക്കുന്നത് വലിയ സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് ഓരോ കെട്ടിടങ്ങളും പുതുക്കിപ്പണിയുന്ന മുറയ്ക്ക് ആ കെട്ടിടങ്ങളിലെ കടകള്‍ ഒഴിപ്പിക്കുന്ന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ആ നിലയിലുള്ള നടപടികളാണ് കഴിഞ്ഞ കുറെ നാളുകളായി കോര്പറേഷന് സ്വീകരിച്ചുവരുന്നത്.
നഗരത്തിനാകെ ദുഃഖമുണ്ടാക്കിയ ദുരന്തവാര്‍ത്ത കേട്ടതുമുതല്‍ അതിനെയെല്ലാം രാഷ്ട്രീയമായ നിലയില്‍ എടുത്തുള്ള നിലപാടാണ് പ്രതിപക്ഷം കൈക്കൊണ്ടത്. വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രം ബഹളംവെക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും മേയര്‍ പറഞ്ഞു.


