
മനാമ: ഇറാന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റ ബഹ്റൈനിലെ സിത്ര നിവാസികളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ സന്ദര്‍ശിച്ചു.
സംഘര്‍ഷ സമയത്ത് ബഹ്റൈന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കിരീടാവകാശി പറഞ്ഞു. സിത്ര നിവാസികള്‍ക്കുണ്ടായ പരിക്കുകള്‍ രാജ്യം മുഴുവന്‍ അനുഭവിക്കുന്നുണ്ട്. രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണം പരമപ്രധാനമാണ്. ഇതിനായി ഇറാന്റെ ശത്രുതാപരമായ ആക്രമണത്തെ നേരിടാന്‍ ബഹ്റൈനിലെ സൈനിക, പൊതു സ്ഥാപനങ്ങള്‍ എല്ലാവരുടെയും സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്.
ബഹ്റൈന്റെ ശക്തി രാജ്യത്തെ ജനങ്ങളുടെ ഐക്യത്തില്‍നിന്നും രാജാവിന്റെ നേതൃത്വത്തില്‍ രാജ്യത്തിനായുള്ള അവരുടെ ഉറച്ച പിന്തുണയില്നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


