
വത്തിക്കാന്‍ സിറ്റി: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
കിരീടാവകാശിയുടെ വത്തിക്കാന്‍ സിറ്റി, ഇറ്റലി ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ സിറ്റിയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ലോകമെമ്പാടും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും രാജ്യത്തിന് പ്രതിബദ്ധതയുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. വത്തിക്കാന്റെ അഭിവൃദ്ധിയില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജാവിന്റെ ആശംസകള്‍ അദ്ദേഹം മാര്‍പ്പാപ്പയെ അറിയിച്ചു. ബഹ്റൈന്റെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി മാര്‍പ്പാപ്പയും ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
