കൊച്ചി: ഏറെ നാളുകൾക്ക് ശേഷം ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം. സംഘടനാപരമായ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകളിലാണ് ഷാഫിക്കെതിരെ വിമർശനമുയർന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നപ്പോൾ പോലും സംഘടന നിർജീവമാണെന്ന് എ, ഐ ഗ്രൂപ്പുകൾ യോഗത്തിൽ വിമർശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ യൂത്ത് കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിൽ ഉറച്ചുനിൽക്കുന്നവരാണ് ഷാഫിയെ വിമർശിച്ചത്.
യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നേരിട്ട് ഇടപെടുകയാണെന്ന് ഷാഫി പറമ്പിലും വിമർശിച്ചു. എന്നാൽ സുധാകരന്റെ അനുകൂലികൾ ഇതിനെ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ നിലവിലെ നേതൃത്വത്തിന്റെ പോരായ്മകൾ കാരണമാണ് പാർട്ടിക്ക് ഇടപെടേണ്ടി വന്നതെന്ന് റിജിൽ മാക്കുറ്റി ഷാഫിക്ക് മറുപടി നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നുസൂർ, ബാലു എന്നിവരുടെ നടപടി പിൻവലിക്കാത്തതിലും വിമർശനം ഉയർന്നിരുന്നു.