
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പും ബി.ഡി.എയും സഹകരിച്ച് രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള പ്രമുഖ നഴ്സിംഗ്, ഹെല്‍ത്ത് കെയര്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ക്രിട്ടിക്കല്‍, എമര്‍ജന്‍സി, അഡ്വാന്‍സ് നഴ്സിംഗ് കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
ക്രിട്ടിക്കല്‍, എമര്‍ജന്‍സി കെയര്‍, അഡ്വാന്‍സ് നഴ്സിംഗ് എന്നിവയിലെ ഏറ്റവും പുതിയ ശാസ്ത്രീയ വികസനങ്ങളും നൂതന രീതികളും അവതരിപ്പിക്കുക, മെഡിക്കല്‍- നഴ്സിംഗ് പ്രൊഫഷണലുകള്‍ക്കിടയില്‍ അറിവ് കൈമാറ്റം വര്‍ധിപ്പിക്കുക, ബഹ്റൈനിലെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയെ പിന്തുണയ്ക്കുക എന്നിവയാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ലക്ഷ്യമിടുന്നത്.
രോഗീപരിചരണത്തിന്റെ ഗുണനിലവാരവുമായി അടുത്ത ബന്ധമുള്ള മേഖലകളിലെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രധാന ശാസ്ത്രീയ വേദിയാണ് സമ്മേളനമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെയും ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍, പ്രത്യേകിച്ച് തീവ്രപരിചരണ, അടിയന്തര വകുപ്പുകളില്‍ അവരുടെ സുപ്രധാന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ധര്‍ നടത്തുന്ന പ്രത്യേക പ്രഭാഷണങ്ങളും ശില്‍പ്പശാലകളും സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സിംഗ് സേവനങ്ങള്‍ വികസിപ്പിക്കാനുള്ള നിലവിലുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ സാങ്കേതികവിദ്യകളിലെയും ദ്രുതപ്രതികരണ രീതികളിലെയും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു.


