തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവ് ക്രൈംബ്രാഞ്ച് മേധാവിക്ക് ലഭിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കേസ് പ്രത്യേക സംഘത്തിന് കൈമാറാനാണ് സാധ്യത.
മൂന്ന് വർഷം മുമ്പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിസ്ഥാന രഹിതമായ കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ നടത്തിയ പരിശോധനയിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.