
തൃശ്ശൂർ: ചാവക്കാട് ദേശീയപാതയിൽ വിള്ളൽ. മേൽപ്പാലത്തിന് മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളൽ. 50 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ ടാറും പൊടിയുമിട്ട് അടയ്ക്കാനും ശ്രമം നടന്നു. ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത ഭാഗത്താണ് വിള്ളൽ കണ്ടത്.
ദേശീയ പാത നിർമാണത്തിലെ അപാകതകൾ ചൂണ്ടികാട്ടി പ്രദേശത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
മലപ്പുറം കൂരിയാടിന് പിന്നാലെ മമ്മാലിപ്പടിയിലും ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. എടരിക്കോട്-മമ്മാലിപ്പടി വഴി കടന്നുപോകുന്ന പാതയിലാണ് വിള്ളൽ. റോഡിലും ഡിവൈഡറിലും വിള്ളൽ വീണു.
കണ്ണൂർ തളിപ്പറമ്പിലും ദേശീയപാത നിർമാണത്തിലെ അപാകത ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കുപ്പത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ചത്തെ മഴയിൽ പണിനടക്കുന്ന ദേശീയപാതയിൽനിന്ന് വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയിറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. കളക്ടർ സ്ഥലത്തെത്താമെന്ന ഉറപ്പിനെ തുടർന്ന് താത്കാലികമായി നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
നിരന്തരമായി ദേശീയപാതയിൽ അപാകതകൾ കണ്ടെത്തുന്നത് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതോടെയാണ് വിവിധ പ്രദേശങ്ങളിൽ പ്രതിഷേധവും ശക്തമായത്.
