
തൃശൂർ: ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടിതൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
അതേസമയം, കഴിഞ്ഞ മാസം ഇവിടെ നിർമാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിൻ റോഡിലേക്ക് വീണിരുന്നു. അതിനിടെ ഇടപ്പള്ളി – കുതിരാൻ ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. അശാസ്ത്രീയമായ അടിപ്പാത നിർമാണത്തിനെതിരെ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് നാളെ കൊരട്ടിയിൽ ഉപവസിക്കും.
