
മനാമ: ബഹ്റൈനില്‍ കളഞ്ഞുകിട്ടിയ സി.പി.ആര്. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയ 43കാരനായ ബംഗ്ലാദേശിക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.
ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സനാബിസിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടെ സി.പി.ആര് കാര്‍ഡാണ് നഷ്ടപ്പെട്ടത്. അത് പ്രതിക്ക് കിട്ടി. കാര്‍ഡ് നഷ്ടപ്പെട്ടയാള്‍ ഫേസ്ബുക്കിലൂടെയും മറ്റും ഇക്കാര്യം പരസ്യപ്പെടുത്തിയെങ്കിലും പ്രതി ഇത് തിരിച്ചുകൊടുത്തില്ല.
ഇതു കാണിച്ച് പ്രതി ഒരു സ്ഥാപനത്തില്‍നിന്ന് കെട്ടിട നിര്‍മ്മാണ ആവശ്യത്തിന് തട്ടുകളുണ്ടാക്കുന്ന സാമഗ്രികള്‍ വാടകയ്ക്കെടുത്തു. അത് തിരിച്ചുകൊടുത്തില്ല.
ഇതിനിടയില്‍ കാര്‍ഡ് നഷ്ടപ്പെട്ട ബംഗ്ലാദേശി പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് അയാള്‍ക്ക് പുതിയൊരു കാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പക്കല്‍നിന്ന് വാടകയ്ക്കെടുത്ത സാമഗ്രികള്‍ ഒരാള്‍ തിരിച്ചുതന്നില്ല എന്ന് കാണിച്ച് സ്ഥാപന ഉടമ സി.പി.ആര്. കാര്‍ഡിന്റെ ചിത്രം സഹിതം സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് പ്രചരിക്കുകയുണ്ടായി. ഇതു കണ്ട് കാര്‍ഡ് നഷ്ടപ്പെട്ടയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


