
സുല്‍ത്താന്‍ ബത്തേരി: സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം. നിലവില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയായ കെ. റഫീഖ് മത്സരിച്ച് സി.പി.എം. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ സെക്രട്ടറിയായ പി. ഗഗാറിന് ഒരു തവണ കൂടി അവസരം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പിലൂടെ റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു റഫീഖ്. നേരത്തെ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമായിരുന്നു.
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. പല ബൂത്തുകളിലും എന്‍.ഡി.എയേക്കാള്‍ പിന്നിലായിരുന്നു എല്‍.ഡി.എഫ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടിയില്‍ അപ്രതീക്ഷിത മാറ്റം. 27 അംഗ ജില്ലാ കമ്മിറ്റിയില്‍ 16 പേരുടെ പിന്തുണ റഫീഖിന് ലഭിച്ചു.
എന്നാല്‍ മത്സരം നടന്നെന്ന വാര്‍ത്ത പാര്‍ട്ടി നേതാവ് പി.കെ. ശ്രീമതി നിഷേധിച്ചു. ഗഗാറിന് ഒഴിയുന്നെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതായി ശ്രീമതി പറഞ്ഞു. ഗഗാറിന് കേരള ബാങ്ക് ഡയറക്ടറാണ്. സി.ഐ.ടി.യുവിന്റെ ചുമതലയുമുണ്ട്. സെക്രട്ടറിക്ക് മൂന്ന് ടേം ആവാമെങ്കിലും ഒരു ടേമുള്ളപ്പോഴും വേണമെങ്കില്‍ മാറാം. ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
